മദ്യപാനത്തിനും പരിശീലനം: പൊലീസ് അക്കാഡമിയിൽ നിന്ന് 73 പരിശീലകരെ പിൻവലിച്ചു

 

തൃശൂർ: പുതുതായെത്തുന്ന സേനാം​ഗങ്ങൾക്കൊപ്പം അക്കാഡമി ക്യാംപസിൽ മദ്യപാനം നടത്തിയതടക്കം ​ഗുരുതരമായ അച്ചടക്ക ലംഘനം കാട്ടിയതിന് കേരള പൊലീസ് അക്കാഡമി (കെപ്പ)യിലെ 73 പരിശീലകരെ ഡിജിപി അനിൽ കാന്ത് തിരികെ വിളിച്ചു. ഇവരെ മാതൃ സ്റ്റേഷനിലേക്കു മാറ്റാൻ ശുപാർശ ചെയ്തു. ഓരോരുത്തരുടെയും പേരിലുള്ള ആക്ഷേപങ്ങൾ വെവ്വേറെ പരിശോധിച്ച് പിന്നീട് നടപടി കൈക്കൊള്ളുമെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു.
പിഎസ്സി മുഖേന കേരള പൊലീസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ ഓഫീസർമാർക്കും സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിശീലനം നൽകുന്നത് തൃശൂരിലെ പൊലീസ് അക്കാഡമിയിലാണ്. മികച്ച സർവീസ് റെക്കോഡ് ഉള്ളവരും കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ചവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും കായിക മികവ് പുലർത്തുന്നവരുമാണ് പരിശീലകർ എന്നാണു വയ്പ്. കൃത്യനിഷ്ഠയും പ്രധാന യോ​ഗ്യതയാണ്. എന്നാൽ, ഇതൊന്നുമില്ലാത്തവരെയാണ് അടുത്ത കാലത്ത് പൊലീസ് അക്കാഡമിയിലേക്കു നിയോ​ഗിക്കുന്നതെന്ന ആക്ഷേപമുണ്ട്. 10 കേഡറ്റുകളുള്ള ഒരു ടീമിന് രണ്ട് പരിശീലകർ എന്ന നിലയാണ് എല്ലാ ദിവസവും പരിശീലനം നൽകേണ്ടത്. എന്നാൽ കൃത്യസമയത്ത് പരിശീലകർ എത്താത്തതു മൂലം മൂന്നും നാലും ടീമുകൾക്ക് മക്കപ്പോഴും ഒരു പരിശീലകൻ എന്ന നിലയാണുള്ളത്.
ഈ സമയം ഡ്യൂഡ്ഡിയിലുള്ള മറ്റു പരിശീലകർ മദ്യപാനത്തിലും വ്യക്തിപരമായ വിനോദത്തിലുമായിരിക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് രഹസ്യ വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇതു ബോധ്യപ്പെട്ട സാഹചര്യത്തിലാണു നടപടി. സേനയിൽ പുതുതായെത്തുന്നവരെപ്പോലും മദ്യ‌പാനത്തിനു പ്രേരിപ്പിക്കുകയും അവരുടെ ചെലവിൽ മദ്യം വാങ്ങുകയും ചെയ്യുന്നതായും ആക്ഷേപമുയർന്നു. 23 സീനിയർ ഓഫീസ‌ർമാരെയും 50 സിവിൽ പൊലീസ് ഓഫീസർമാരരെയുമാണ് അക്കാഡമിയിൽ നിന്നു തിരിച്ചയച്ചത്.

أحدث أقدم