പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് മേയ് ദിന ആഘോഷം

 

പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് മേയ് ദിന ആഘോഷം 

തിരുവനന്ത പുരം ;തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് മേയ് ദിനം ആഘോഷിക്കുകയാണ്. കോവിഡ് മഹാമാരി വിട്ടൊഴിയുമെന്ന പ്രത്യാശയിൽ തൊഴിലിടങ്ങൾ സജീവമാകാൻ തുടങ്ങുന്ന സന്ദർഭം. എങ്കിലും പുതിയ വർത്തമാനങ്ങൾ കോവിഡിന്റെ തിരിച്ചുവരവ് തൊഴിൽ സാധ്യതകളെ വീണ്ടും വിഴുങ്ങുമോ എന്ന ഭീതിയും ഇല്ലാതില്ല. ഏത് പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ ലോക തൊഴിലാളി ദിനം അത്യാവേശത്തോടെ കൊണ്ടാടുക എന്നത് തൊഴിലാളികളുടെ അടങ്ങാത്ത ആഗ്രഹമാണ്.

ഈ മേയ് ദിനത്തിൽ ലോകം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഉക്രെയ്ൻ‑റഷ്യ യുദ്ധം ചെറുതായൊന്നുമല്ല, ലോകത്തെ വിവിധ രാജ്യങ്ങളെ ബാധിച്ചിരിക്കുന്നത്. അതും തൊഴിലാളികളെയും തൊഴിലിടങ്ങളെയും. കഴിഞ്ഞ വർഷം കോവിഡാണ് തൊഴിലാളികളെ ഏറെ ബാധിച്ചത്. സമാനതകളില്ലാത്ത ഈ പ്രതിസന്ധികൾക്കു മുന്നിൽ ഏറെ പകച്ചുനിൽക്കുകയാണ് തൊഴിലാളിലോകം. പലരാജ്യങ്ങളിലും തൊഴിൽരഹിത വേതനത്തിന് അനേകായിരങ്ങൾ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
ഇന്ത്യയിലെ തൊഴിലാളി വർഗം രാജ്യത്തിന്റെ കൂടി നിലനില്പിനുള്ള പോരാട്ടത്തിലാണ്. രണ്ട് ദിവസം നീണ്ട ദേശീയ പണിമുടക്ക് അതിനുദാഹരണമായിരുന്നു. കഴി‍ഞ്ഞ മാർച്ച് 28, 29 തീയതികളിലായിരുന്നു തൊഴിലാളികളും കർഷകരും കൈകോർത്ത ഐതിഹാസിക പണിമുടക്ക്.




ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതൽ തുടങ്ങിയ നിരന്തര സമരങ്ങളുടെയും അത് പരിഹരിക്കാൻ നടന്ന ചർച്ചകളുടെയും ഫലമായാണ് തൊഴിലാളിക്ക് അന്തസോടെയും ചൂഷണങ്ങൾക്ക് ഇരയാകാതെയും തൊഴിൽ ചെയ്യാനുള്ള നിയമ പരിരക്ഷ നേടാനായത്. കഴിഞ്ഞ പത്ത് വർഷമായി രണ്ടാം സാമ്പത്തിക പരിഷ്കാരങ്ങൾക്കായി വാദിക്കുന്നവർ, തൊഴിൽ മേഖലയെ പൂർണമായും സ്വതന്ത്രം ആക്കുന്നതിനാണ് ശ്രമിക്കുന്നത്. 1991ലെ പുതിയ സാമ്പത്തിക നയങ്ങളിൽ തൊഴിൽ നിയമങ്ങളിലെ ഭേദഗതി പരമ പ്രധാന അജണ്ട ആയിരുന്നു. ഇതിനെത്തുടർന്ന്, സ്ഥിരം തൊഴിൽ എന്ന ആശയം സ്വകാര്യ മേഖലയിൽ പതുക്കെ പതുക്കെ ഇല്ലാതായി. സർക്കാർ മേഖലയിലും താല്ക്കാലിക നിയമനങ്ങൾ സ്ഥിരനിയമനങ്ങൾക്ക് വഴിമാറുന്ന സാഹചര്യം നിലനിൽക്കുന്നു.

Previous Post Next Post