വ്ലാത്താങ്കരയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകണം:
സിപിഐ റവന്യൂ മന്ത്രിക്ക് നിവേദനം നൽകി
നെയ്യാറ്റിൻകര:
സി പി ഐ ചെങ്കൽ ലോക്കൽ കമ്മിറ്റി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി. ചെങ്കൽ
പഞ്ചായത്തിലെ വ്ലാത്താങ്കര പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം
കാണണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി കെ രാജനെ നേരിൽ കണ്ട് നിവേദനം നൽകിയത്.
കാരോട് - കഴക്കൂട്ടം ബൈപ്പാസിലെ അശാസ്ത്രീയ ഓട നിർമ്മാണവും സ്വകാര്യ
വ്യക്തികളുടെ അനധികൃത കയ്യേറ്റവുമാണ് വെള്ളക്കെട്ടിന് കാരണം.
മഴക്കാലമാകുന്നതോടെ പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലാകും. നാനൂറോളം
കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അനധികൃത
കയ്യേറ്റത്തിൻ്റെയും നിർമ്മാണത്തിൻ്റെയും ഫലമായി മഴവെള്ളത്തിന് ഒഴുകി പോകാൻ
കഴിയുന്നില്ല. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നീർചാലുകളെ പൂർവ്വസ്ഥിതിയിലാക്കണം
എന്നുള്ളതാണ് ദുരിതബാധിതരുടെ ആവശ്യം. മാസങ്ങളായി വെള്ളം
കെട്ടിക്കിടക്കുന്നതിനാൽ കൊതുകിൻ്റെ ശല്യം രൂക്ഷമാണ്. കിണറുകളിൽ മലിനജലം
കൊണ്ട് നിറയുന്നതിനാൽ മഴക്കാലത്തു പോലും വ്ലാത്താങ്കര നിവാസികൾ
കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ്.