നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ അനസ്ത്യേഷ്യ ഡോക്റ്ററുടെ സ്വകാര്യ മുറിയില്‍ വിജിലന്‍സ് പരിശോധന
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്റ്ററുടെ , ആശുപത്രി പരിസരത്തെ സ്വകാര്യ വാടക മുറിയില്‍ വിജിലന്‍സ് പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ആണ് വിജിലന്‍സ് സംഘം എത്തിയത് . സ്വകാര്യ പ്രാക്റ്റീസിന്‍റെ മറവില്‍ ഓപ്പറേഷനെത്തുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്നും പണം ഈടാക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഡി.വൈ.എസ്.പി ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്റ്ററുടെ സ്വകാര്യ കേന്ദ്രം പരിശോധിച്ചത് . പണവും രേഖകളും പിടിച്ചെടുത്തതായി സൂചന . സ്വകാര്യ ആവശ്യത്തിനു കൊണ്ടുവന്ന പണമാണ് കൈവശമുള്ളതെന്നാണ് ഡോക്റ്ററുടെ ഭാഷ്യം . പരാതിയില്‍ കഴമ്പില്ലെന്നും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ പേര് കളങ്കപ്പെടുത്താനുള്ള നീക്കം നടത്തുന്നവരാണ് ഇതിനു പിന്നിലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയ്ക്കു സമീപം ഒരു വാടകക്കെടുത്ത കെട്ടിടത്തില്‍ ജോലി സമയം കഴിഞ്ഞു ഡോക്ടര്‍ വന്നിരിയ്ക്കാറുണ്ട് . വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ ഡോക്റ്റര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് സൂചന . സംഭവത്തെക്കുറിച്ച് വിജിലന്‍സ് സംഘം ആശുപത്രി സൂപ്രണ്ടുമായി ആശയ വിനിമയം നടത്തി . പരിശോധനയ്ക്കെത്തിയ രോഗികളില്‍ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട് . കുടുതല്‍ അന്വേഷണം നടത്തിയതിനു ശേഷമേ നിയമ ലംഘനം നടത്തിയോയെന്ന് പറയാനാകൂയെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി പ്രദേശത്ത് സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ക്ക് സ്വകാര്യ കണ്‍സള്‍ട്ടിങ് നടത്തുന്നതിന് ഒത്താശ ചെയ്യുന്ന ഇടനിലക്കാര്‍ക്കെതിരെയും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കെതിരെയും നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത് .ആശുപത്രി സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്കെതിരെ കഴിഞ്ഞ മാസം വിജിലന്‍സ് പരിശോധന നടത്തിയിരുന്നു എങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട് .
ഫോട്ടോ : നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റല്‍ പരിസരത്ത് സര്‍ക്കാര്‍ ഡോക്റ്ററുടെ സ്വകാര്യ കണ്‍സള്‍ട്ടിങ് കേന്ദ്രത്തില്‍ വിജിലന്‍സ് സംഘം വ്യാഴാഴ്ച പരിശോധനയ്ക്കെത്തിയപ്പോള്‍