കുടുംബ സംഗമവും കുടുംബ യാത്രയും ആനവണ്ടിയിൽ ഒരുക്കി അത്താഴമംഗലം കുടുംബ കൂട്ടായ്മ.*
നെയ്യാറ്റിൻകര: എല്ലാ വർഷവും സംഘടിപ്പിക്കുന്ന കുടുംബ സംഗമവും സകുടുംബ വിനോദ യാത്രയും ആനവണ്ടിയിൽ ഒരുക്കി അത്താഴമംഗലം കുടുംബ കൂട്ടായ്മ. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി, മണലുവിളയിൽ നിന്ന് എറണാകുളത്ത് ബസിൽ എത്തിച്ചേർന്ന ശേഷം അറബിക്കടലിലൂടെയുള്ള അഞ്ച് മണിക്കൂർ കപ്പൽ യാത്രയാണ് കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയത്. രാവിലെ അത്താഴമംഗലം വീരരാഘവ സ്മൃതി മണ്ഡപത്തിന് മുന്നിൽ നിന്ന് മുതിർന്ന കുടുംബാംഗം എ. കൃഷ്ണൻ കുട്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പ്രാർത്ഥനാ ഗീതം ആലപിച്ച് തുടങ്ങിയ കുട്ടികളുടെ സംഘം രാവേറെ നീണ്ട യാത്രയിൽ ഉടനീളം ആട്ടവും പാട്ടുകളുമായി കൂടി. പ്രത്യേകം ക്രമീകരിച്ച എ.സി. ബസിനുള്ളിൽ കുസൃതി ചോദ്യോത്തരങ്ങളും ഗാനമേളയും നൃത്തവും ഒക്കെ ഇടകലർത്തിയുള്ള യാത്രയിൽ രണ്ട് വയസുകാരൻ സാത്വിക് മുതൽ എൺപത്തിരണ്ടുകാരൻ വരെ മുപ്പത്തിഅഞ്ച് കുടുംബാംഗങ്ങൾ അണിചേർന്നു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സംഘാംഗങ്ങൾ ദർശനം നടത്തി.
ഉച്ചയോടെ എറണാകുളത്ത് എത്തിയ സംഘം മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ സന്ദർശനം കഴിഞ്ഞ് നെഫർറ്റിറ്റി കപ്പലിൽ കയറി മണിക്കൂറുകൾ നീണ്ട കടൽ യാത്രയും സ്വന്തമാക്കി. ബസിലും കപ്പലിലുമായി അത്താഴമംഗലം കുടുംബ കൂട്ടായ്മയുടെ വാർഷിക കുടുംബ സംഗമവും നടന്നു. വാർഷിക പൊതുയോഗത്തിൽ ശ്യാംശങ്കർ , അജിത്ത് ലാൽ , ലാലു, ബാലു, സുജിത്, സുബി , ലാൽ , നളിനി, ഷീല, രശ്മി, മിനി, വന്ദന, റെജി, സീന, ശോഭന തുടങ്ങിയവർ സംസാരിച്ചു. ബജറ്റ് ടൂറിസം കോ - ഓർഡിനേറ്റർമാരായ എൻ.കെ. രഞ്ജിത്ത്, രജിത പ്രസാദ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി. കുടുംബ യാത്രക്കായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പദ്ധതി തെരഞ്ഞെടുത്ത അത്താഴമംഗലം കുടുംബ കൂട്ടായ്മയെ കെ.എസ്.ആർ.ടി.സി. ചീഫ് ട്രാഫിക് ഓഫീസർ ജേക്കബ്ബ് സാംലോപ്പസ്, ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ , എ.ടി.ഒ. സാം.കെ.ബി. എന്നിവർ അഭിനന്ദിച്ചു.