സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന തമ്പാനൂരിലെ പി എസ് സി കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്


തമ്പാനൂരിലെ പി എസ് സി കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം തമ്പാനൂരിലെ പിഎസ് സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. തമ്പാനൂരിലെ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളിലാണു റെയ്ഡ് നടന്നത്.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്‌സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണു റെയ്ഡ്. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്‍റ് തസ്തികയില്‍ ജോലിനോക്കുന്ന മൂന്നു പേര്‍ക്കെതിരെയാണു പരാതി വന്നിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ ദീര്‍ഘകാല അവധിയെടുത്താണു പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റുള്ളവരുടെ പേരിലാണ് ഇവര്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംഭവത്തില്‍ പൊതുഭരണ സെക്രട്ടറിയും പിഎസ്‌സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍, പിഎസ്‌സിയുമായി ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം എന്നീ കാര്യങ്ങളാണു വിജിലന്‍സ് അന്വേഷിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ശിപാര്‍ശ ഫെബ്രുവരി ആദ്യം പിഎസ്‌സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. പൊതുഭരണവകുപ്പ് പരാതി വിജിലന്‍സിന് കൈമാറുകയായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.

സംസ്ഥാനത്തുടനീളം സർക്കാർ ഉദ്യോഗസ്ഥരും അവരുടെ ബിനാമികളുടെ പി എസ് സി-ബാങ്ക് പരീക്ഷാ കോച്ചിംഗ് സ്ഥാപനങ്ങളും എൻട്രൻസ് പരിശീലന കേന്ദ്രങ്ങളും നടത്തുന്നതായി വിവരം. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് പിഎസ്‌സി പരീശീലന സ്ഥാപനങ്ങളുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസ് വിഭാഗം നടപടികൾ എടുക്കുന്ന വിവരം പുറത്തുവന്നതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ ഉയർന്നത്. വിവിധ ജില്ലകളിൽ ജില്ലാ തലങ്ങളിൽ നിർണായക സ്ഥാനത്തിരിക്കുന്ന ചിലർ നേരിട്ട് തന്നെ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നടത്തുന്നതായി വിവരമുണ്ട്. കോഴിക്കോട് ജില്ലയിൽ എൽ ഡി ക്ലർക്കുമാർ അടക്കമുള്ളവർ വ്യാപകമായി പരിശീലന കേന്ദ്രങ്ങളിൽ ക്ലാസുകളെടുക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഏതാണ്ട് മുഴുവൻ സമയവും മറ്റ് ദിവസങ്ങളിൽ രാവിലെയുമാണ് ഇവർ ക്ലാസുകളെടുക്കുക. ഒന്നിലധികം പരിശീലനകേന്ദ്രങ്ങളിൽ ക്ലാസുകളെടുക്കുന്നവരുമുണ്ട്.

പരീക്ഷ അടുക്കുന്ന സമയത്ത് മൂന്നും നാലും മാസങ്ങളിൽ തീവ്രപരിശീലനം നൽകുന്നതിന് പകൽ മുഴുവൻ സമയവും ഇത്തരം പരിശീലന സ്ഥാപനങ്ങളിൽ സമയം ചെലവിടുന്നവരും കുറവല്ല. അപൂർവ്വം ചിലർ ശമ്പളത്തോടുകൂടിയോേ അല്ലാതെയോ അവധിയെടുക്കുമെങ്കിലും മിക്കവരും ഓഫീസ് ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്താണ് ക്ലാസുകൾ ഉഷാറാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ മറ്റ് വരുമാനമുള്ള ജോലികൾ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് പിഎസ്‌സി പരിശീലനത്തിന്റെ പേരിൽ സംസ്ഥാനത്തെമ്പാടും നിയമവിരുദ്ധ പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. ചിലർ സർവ്വീസിൽ നിന്നും ദീർഘാവധിയെടുത്താണ് പരിശീലന കേന്ദ്രങ്ങളിൽ ക്ലാസുകൾ എടുക്കുന്നത്. എന്നാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കേണ്ടതിനാൽ സർവ്വീസിൽ നിന്നും രാജിവയ്ക്കാനും ഇവർ തയ്യാറാകില്ല.


Previous Post Next Post