പർവതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച രക്ഷാദൗത്വത്തിന് ചുക്കാന്‍ പിടിച്ചത് ഏറ്റുമാനൂര്‍ സ്വദേശി
ചെറാട് കുമ്പാച്ചിമലയില്‍ കുടുങ്ങിയ യുവാവിന്റെ രക്ഷാദൗത്വത്തിന് ചുക്കാന്‍ പിടിച്ച കരസേന സംഘത്തിന് നേതൃത്വം നല്‍കിയത് ഏറ്റുമാനൂര്‍ സ്വദേശി. ഊട്ടി വെല്ലിങ്ടണില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശിയായ ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ എത്തിയ ദൗത്യസംഘമാണ് മണിക്കൂറുകള്‍ നീണ്ട നരക ജീവിതത്തില്‍ നിന്ന് ബാബുവിന് പുതുജീവന്‍ സമ്മാനിച്ചത്. ഏറ്റുമാനൂര്‍ തവളകുഴിക്ക് സമീപം മുത്തുച്ചിപ്പിയില്‍ റിട്ട. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി കെ രാജപ്പന്റെയും ലതികഭായിയുടെയും മകനാണ് ‘മുത്ത്’ എന്ന് വിളിക്കുന്ന ഹേമന്ദ് രാജ്. 2002ല്‍ നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ പ്രവേശനം നേടിയ ഹേമന്ദ് 2006ലാണ് സേനയുടെ ഭാഗമാകുന്നത്.
അയോദ്ധ്യയിലായിരുന്നു ആദ്യ നിയമനം. സര്‍വീസില്‍ കയറിയ ശേഷം ഹേമന്ദ് നേതൃത്വം നല്‍കുന്ന അഞ്ചാമത്തെ മേജര്‍ രക്ഷപ്രവര്‍ത്തനമായിരുന്നു മലമ്പുഴയിലേത്. കേരളത്തെ പിടിച്ചുലച്ച 2018ലെയും 2019ലെയും പ്രളയത്തില്‍ രക്ഷപ്രവര്‍ത്തനവുമായെത്തിയ കരസേനയുടെ സാരഥിയും ഹേമന്ദ് ആയിരുന്നു. ഉത്തരാഖണ്ഡിലും പ്രളയത്തില്‍ രക്ഷകരായി എത്തിയത് ഹേമന്ദിന്റെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു. സംയുക്ത കരസേന മേധാവിയുടെ ജീവന്‍ എടുത്ത ഹെലികോപ്റ്റര്‍ അപകടത്തിലും രക്ഷപ്രവര്‍ത്തനം ഹേമന്ദിന്റെ നേതൃത്വത്തിലായിരുന്നു. പ്രതിഭാ പാട്ടില്‍, എ പി ജെ അബ്ദുള്‍ കലാം എന്നിവര്‍ രാഷ്ട്രപതിമാരായിരിക്കെ ഇരുവരുടെയും ആര്‍മി ഗാര്‍ഡ് അസിസ്റ്റന്റ് ആയിരുന്നു ഹേമന്ദ്. എന്‍ ഡി എയുടെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്ന ഹേമന്ദ് അരുണാചലില്‍ സവാങ് അതിര്‍ത്തിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഊട്ടിയില്‍ സ്‌പോര്‍ട്‌സിന്റെ അധികചുമതല കൂടിയുണ്ട്. ഏറ്റുമാനൂരില്‍ ദന്ത ഡോക്ടര്‍ ആയ തീര്‍ത്ഥ ഹേമന്ദ് ആണ് ഭാര്യ. അയാന്‍ മകനാണ്.